Thursday, 18 July 2013

NEET ഏകീകൃത പ്രവേശനപരീക്ഷ നടത്തേണ്ട : സുപ്രീംകോടതി ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളെ ബാധിക്കും


അഖിലേന്ത്യാതലത്തില്‍ മെഡിക്കല്‍, ഡെന്‍റല്‍ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ഏകീകൃത പ്രവേശനപരീക്ഷ നടത്തേണ്ടതില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ മൂന്നാംഗ ബെഞ്ചാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 


സുപ്രീംകോടതി ബെഞ്ചില്‍ പക്ഷേ, ഇതു സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായി. ചീഫ് ജസ്റ്റിസും ജസ്റ്റിസ് വിക്രംജിത്ത് സെന്നും പൊതുപ്രവേശന പരീക്ഷയെ എതിര്‍ത്തപ്പോള്‍ ജസ്റ്റിസ് അനില്‍ ആര്‍ . ദവെ പൊതു പ്രവേശനപരീക്ഷകള്‍ ആവശ്യമാണെന്ന നിലപാട് കൈക്കൊണ്ടു. 


പൊതുപ്രവേശന പരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്‍റെ ആവശ്യത്തിനെതിരെ മാനേജ്‌മെന്‍റുകള്‍ സമര്‍പ്പിച്ച ഹര്‍ജി
അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതു പ്രവേശന പരീക്ഷയ്ക്ക് പകരം സംസ്ഥാനങ്ങള്‍ക്കും മാനേജ്‌മെന്‍റ് സ്ഥാപനങ്ങള്‍ക്കും പ്രവേശനപരീക്ഷ നടത്താമെന്നും പൊതുപ്രവേശന പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ വിജ്ഞാപനം നിയമവിരുദ്ധമാണെന്നും ബെഞ്ച് വിധിച്ചു.

നേരത്തെ മെഡിക്കല്‍ കൗണ്‍സിലിനും സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ മാനേജ്‌മെന്‍റുകള്‍ക്കും ഒരുപോലെ പൊതു പ്രവേശനപരീക്ഷ നടത്താന്‍ അനുമതി നല്‍കിയ സുപ്രീംകോടതി എന്നാല്‍, പരീക്ഷാഫലം പുറത്തുവിടുന്നത് വിലക്കിയിരുന്നു. ഇതിനുള്ള സ്‌റ്റേ കഴിഞ്ഞ മെയിലാണ് കോടതി നീക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം കോളേജുകളില്‍ പ്രവേശനം നടത്താമെന്നും കോടതി പറഞ്ഞിരുന്നു. അതിനുശേഷമാണ് നാലു മാസത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളെ ബാധിക്കുന്ന സുപ്രധാനമായ വിധി വന്നത്.

മെഡിക്കല്‍ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുക, മെഡിക്കല്‍ പ്രവേശനത്തിലെ അപാകതകളും തിരിമറികളും പരിഹരിക്കുക കോടികള്‍ കോഴ വാങ്ങുന്ന സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി, ദേശീയതലത്തില്‍ ആദ്യമായി ബിരുദ, ബിരുദാനന്തര മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍ .ഇ.ഇ.ടി) എന്ന പേരില്‍ പൊതുപ്രവേശന പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചത് കഴിഞ്ഞ ജൂണിലാണ്. 

അതിനെ ചോദ്യംചെയ്ത് വിവിധ സ്വകാര്യ മാനേജ്‌മെന്‍റുകള്‍ക്ക് പുറമെ തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കോടതിയെ സമീപിക്കുകയായിരുന്നു. അതു സംബന്ധിച്ച് വിവിധ കോടതികളില്‍ നിലവിലുണ്ടായിരുന്ന ഹര്‍ജികളെല്ലാം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലേയ്ക്ക് മാറ്റാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.