Monday, 19 January 2015

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?

ആരെയും ഒരു നിമിഷം ചിന്താകുലരാക്കുന്ന വരികൾ, രശ്മി സതീഷ് ഭാവാത്മകതയോടെ ആലപിച്ചിരിക്കുന്നു. പ്രകൃതിയുടെ വിലാപം ഹൃദയത്തിലേക്ക് തുളച്ചു കയറുന്നതുപോലെ... പ്രകൃതിയുടെയും പ്രകൃതിയുടെ മക്കളുടെയും വേദന ശ്രീ. ഇഞ്ചക്കാട് ബാലചന്ദ്രൻ ആശയ ചാരുതയോടെ കുറിച്ചിടുന്നു. ഒന്നു കേൾക്കാതെ പോയാൽ അത് തീരാനഷ്ടമാവും. കവിതയുടെ വരികൾ ചുവടെ ചേ൪ക്കുന്നു.

വരികൾ

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ? (2)
മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും. (2) (ഇനി വരുന്നൊരു...)

തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയെല്ലാ മലകളും,
ദാഹനീരിനു നാവു നീട്ടി വരണ്ടു പുഴകള്‍ സര്‍വ്വവും.
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,
ഇവിടെയെന്നെന്‍ പിറവിയെന്ന് വിത്തുകള്‍ തന്‍ മന്ത്രണം. (ഇനി വരുന്നൊരു...)

ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയങ്ങു നിലച്ചു കേള്‍പ്പതു പ്രിഥ്വി തന്നുടെ നിലവിളി.
നിറങ്ങള്‍ മായും ഭൂതലം, വസന്തമിന്നു വരാത്തിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം. (ഇനി വരുന്നൊരു...)

സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ...

പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം, അണുനിലയം, യുദ്ധവും,
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം..
വികസനം അതു മര്‍ത്ത്യ മനസ്സിന്നരികില്‍ നിന്ന് തുടങ്ങണം,
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കായിടാം. (ഇനി വരുന്നൊരു...)

പാട്ടിന്റെ ചരിത്രം
സെക്രട്ടറിയേറ്റ് പടിക്കൽ 2014ൽ നടത്തിയ ആദിവാസി നിൽപ് സമരത്തിന് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് എറണാകുളത്ത് ഫോ൪ട്ടുകൊച്ചിയിൽ ഒക്ടോബ൪ 18ന് സംഘടിപ്പിച്ച പരിപാടിയിൽ രശ്മി സതീഷ് ഈ ഗാനം ആലപിച്ചത് സോഷ്യൽ മീഡിയയിൽ വൻതരംഗമായി മാറി. പരിസ്ഥിതി കൂട്ടായ്മകളിൽ സ്ഥിരമായി ആലപിക്കപ്പെടുന്ന ഒരു ഗാനമാണിത്. 1992ൽ കായംകുളം കായലിൽ യുവകലാസാഹിതി നടത്തിയ പരിസ്ഥിതി ജലജാഥയ്ക്കായാണ് ശ്രീ. ഇഞ്ചക്കാട് ബാലചന്ദ്രൻ ഈ ഗാനം രചിക്കുന്നത്.

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.