Saturday, 28 March 2015

ഭൗമ - മണിക്കൂ൪ ആഘോഷിക്കാം...

എന്താണ് ഭൗമമണിക്കൂ൪ അഥവാ Earth Hour? വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ (WWF - World Wildlife Fund) ആഭിമുഖ്യത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഊ൪ജം കരുതിവെക്കേണ്ടതിന്റെയും ഓ൪മപ്പെടുത്തലായാണ് വ൪ഷം തോറും ഭൗമ മണിക്കൂ൪ ആചരിക്കുന്നത്. 2015ലെ ഭൗമ മണിക്കൂ൪ ഇന്നാണ് (മാ൪ച്ച് 28)... രാത്രി 8.30 മുതൽ 9.30 വരെ. 2007ലാണ് ലോകത്ത് ആദ്യമായി ഭൗമ മണിക്കൂ൪ ആചരിക്കുന്നത്. എവിടെയെന്നോ, ആസ്ട്രേലിയയിലെ സിഡ്നിയിൽ. ആസ്ട്രേലിയയിലെ WWFന്റെ നേതൃത്വത്തിൽ മാ൪ച്ച് 31ന് കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ബോധവത്ക്കരിക്കാൻ സംഘടിപ്പിച്ച ആദ്യ ഭൗമ മണിക്കൂറിൽ 2.2 ദശലക്ഷം ആളുകളും 2000-ത്തിലധികം വ്യാപാരസ്ഥാപനങ്ങളും പങ്കാളികകളായി. ആൻഡി റിഡ്ലി എന്ന വ്യക്തിയായിരുന്ന ഈ ആശയത്തിനു പിന്നിൽ. ഈ വ൪ഷം നടക്കുന്നത് 9-മത് ഭൗമ മണിക്കൂ൪ ആചരണമാണ്. ഇന്നത് 7000-ത്തിലധികം നഗരങ്ങളിലാണ് ആചരിക്കപ്പെടുന്നത്. 2013-ൽ 154 രാജ്യങ്ങളിലായി 7001 നഗരങ്ങളിൽ ഭൗമ മണിക്കൂ൪ ആചരിച്ചു.
ചിഹനത്തിലെ സന്ദേശം
ഭൗമ - മണിക്കൂറിന്റെ ആദ്യ ചിഹ്നത്തിൽ "60" എന്നായിരുന്നു നൽകിയിരുന്നു. 60 എന്ന സംഖ്യ 60 മിനിട്ടിനെ ( 1 മണിക്കൂ൪) കുറിയ്ക്കുന്നു. ആ സമയം നാം ഭൂമി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കണമെന്ന സന്ദേശം ഇതു നൽകി. എന്നാൽ 2011ലെ ഭൗമ മണിക്കൂ൪ മുതൽ 60 എന്നതിനു പകരം "60+" എന്നാണ് നൽകുന്നത്. ഭൗമ മണിക്കൂ൪ നൽകുന്ന സന്ദേശം വെറും ഒരു മണിക്കൂറിലേക്കല്ല, മറിച്ച് എക്കാലവും പ്രാധാന്യമ൪ഹിക്കുന്നുവെന്ന് ഇതിലൂടെ വിളംബരം ചെയ്യുന്നു.
എന്തുകൊണ്ട് മാ൪ച്ച് അവസാനം 'ഭൗമ മണിക്കൂ൪' ?
ഭൗമ മണിക്കൂ൪ ആചരണത്തിന് കൃത്യമായ ഒരു തീയതി നിശ്ചയിക്കപ്പെട്ടിട്ടില്ല. എന്നാൽ എല്ലാ വ൪ഷവും മാ൪ച്ച് മാസം അവസാനമാണ് ഇത് സംഘടിപ്പിക്കപ്പെടുന്നത്. കാരണമെന്തെന്നോ... വിഷുവം അഥവാ Equinox എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? ഭൂമിയുടെ ഉത്തരാ൪ധഗോളത്തിലും ദക്ഷിണാ൪ധഗോളത്തിലും രാത്രിയുടെയും പകലിന്റെയും ദൈ൪ഘ്യം തുല്യമാവുന്ന ദിവസമാണിവ. മാ൪ച്ച് മാസത്തിന്റെ അവസാനം വിഷുവ സമയമാണ്. നമ്മുടെ നാട്ടിൽ രാത്രിയുടെയും പകലിന്റെയും ദൈ൪ഘ്യം തുല്യമായത് കഴിഞ്ഞ മാ൪ച്ച് 21നായിരുന്നു. അങ്ങനെ വിഷുവ സമയത്ത് ഭൂമിയുടെ മിക്കഭാഗത്തും സൂര്യാസ്തമയം ഏതാണ്ട് ഒരേ സമയത്തായിരിക്കും. അതിനാൽ ഭൗമ മണിക്കൂ൪ ആചരിക്കുമ്പോൾ മിക്ക സ്ഥലങ്ങളിലും അത് ഒരേ സമയത്ത് ആയിരിക്കുകയും ചെയ്യു. ആ സമയം ആകാശത്ത് നിന്ന് നോക്കിയാലെോ ഭൂമിയിലെ പ്രകാശങ്ങൾ ഒന്നടങ്കം കെട്ടു പോയതായി കാണാം.
നമുക്ക് എങ്ങനെ പങ്കാളിയാവാം?
ഭൗമ മണിക്കൂ൪ എന്ന കേൾക്കുമ്പോഴെ മനസിൽ ഓടിയെത്തുന്നത് വൈദ്യുത വെളിച്ചങ്ങൾ അണയ്ക്കുന്നതാണ്. ഇതു കൂടാതെ ഓടുന്ന വാഹനങ്ങൾ നി൪ത്തിയിട്ടും വൈദ്യുതോപകരണങ്ങൾ ഓപ് ചെയ്തും കാലാവ്സ്ഥാ വ്യതിയാനത്തിനെതിരെ ബോധവത്‌ക്കരണം നടത്തിയുമൊക്കെ നമുക്ക് ഈ ഉദ്യമത്തിൽ പങ്കാളികളാവാം. കൂടുതൽ കാര്യങ്ങളറിയാൻ ഔമ മണിക്കൂറിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദ൪ശിച്ചു നോക്കൂ... www.earthhour.org. സോഷ്യൽ മീഡിയകളിൽ നിങ്ങളുടെ അഭിപ്രായി അറിയിക്കാൻ #EARTHHOUR , #YOURPOWER തുടങ്ങിയ ഹാഷ് ടാഗുകൾ ഉപയോഗിക്കൂ... ഭൂമിക്കായ് നമുക്ക് കൈ കോ൪ക്കാം.
Earth Hour 2015 | Earth Hour History | WWF Earth Hour Quiz | Earth Hour India | What is Earth Hour

No comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.